Kerala
തിരുവനന്തപുരം: യുഡിഎഫിനെ തോൽപ്പിക്കാൻ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും കേരളത്തിൽ അവർ സിജെപി ആയി മാറിയിരിക്കുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.
കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അന്വേഷണ ഏജൻസികൾ യുഡിഎഫ് നേതാക്കളെ നിരന്തരം വേട്ടയാടുകയാണ്. എന്നാൽ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അവർ കേരള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ലോക്സഭാ പ്രതിപക്ഷ നേതാവായ തനിക്കെതിരേ 36 കേസുകളാണ് ഈ ഏജൻസികളെടുത്തത്. 55 മണിക്കൂറോളം കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ ചോദ്യം ചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിക്കെതിരേ അവർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുന്നതു കൊണ്ടാണെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറിമാരായ സച്ചിൻ പൈലറ്റ്, ദീപ ദാസ്മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു.